പാലക്കാട്: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്ത വ്യക്തിക്കാണ് മന്ത്രിയുടെ ഡ്രൈവർ തസ്തിക നൽകിയതെന്നാണ് സംഘടനയുടെ ആരോപണം.
ഇത്തരം നിയമനങ്ങൾ തുടർന്നാൽ മന്ത്രിമാരെ തെരുവിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. സതീശ് മുന്നറിയിപ്പ് നൽകി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
പാലക്കാട് മുണ്ടൂർ കുമ്മാട്ടിയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുകയും കയ്യൊടിക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്തയാളാണ് ഇപ്പോൾ മന്ത്രിയുടെ ഡ്രൈവറായി നിയമിതനായതെന്നാണ് സതീശ് ആരോപിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരങ്ങൾക്കും അതിനിടെ നേരിട്ട ആക്രമണങ്ങൾക്കും വിലകൽപ്പിക്കാതെ ഇത്തരത്തിലുള്ള നിയമനങ്ങളാണ് സർക്കാർ നടത്തുന്നതെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മന്ത്രിയായതിനാൽ പ്രവർത്തകരുടെ വിഷയങ്ങളിൽ ശക്തമായി ഇടപെടാൻ പ്രയാസമുണ്ടാകാമെന്നും, പ്രവർത്തകരുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ ശക്തമായി ഉന്നയിക്കാൻ കഴിയുന്ന മന്ത്രിയല്ലാത്ത ഒരാളെ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്നും എച്ച്. സതീശ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.


