തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം പൂർണമായിട്ടില്ല. വിവിധ മന്ത്രിമാരുടെ ഓഫീസുകളിൽ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും പലർക്കും ഇതുവരെ ഔദ്യോഗിക നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. പ്രധാന നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് നിയമനങ്ങൾ വൈകാൻ കാരണമെന്നാണ് സൂചന.
മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ ശരത് ചന്ദ്രന്റെ പേര് തുടക്കത്തിൽ തന്നെ നിർദേശിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ശരത് ചന്ദ്രനെതിരെ ബിജെപി അനുഭാവിയെന്ന ആരോപണം ഉയർന്നെങ്കിലും പാർട്ടി നടത്തിയ പരിശോധനയിൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കണ്ടെത്തിയത്.
ശരത് ചന്ദ്രന്റെ നിയമനം വൈകിക്കരുതെന്ന് മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നിയമന ഉത്തരവിൽ ഒപ്പുവെച്ചിട്ടില്ലെന്നാണ് വിവരം. ഇതോടെ ബിന്ദു കൃഷ്ണയുടെ ഓഫീസിലെ പ്രധാന തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലും സമാന സാഹചര്യമാണുള്ളത്. തൊഴിൽ മന്ത്രിയുടെ ഓഫീസിൽ ചിലർ ജോലിയിൽ പ്രവേശിച്ചെങ്കിലും എല്ലാവർക്കും നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. മന്ത്രി ഒ.ജെ. ജനീഷിന്റെ ഓഫീസിൽ നാല് പേർക്കാണ് ഇതുവരെ നിയമന ഉത്തരവ് ലഭിച്ചത്. ബാക്കിയുള്ള തസ്തികകളിലേക്കുള്ള നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എക്സൈസ് മന്ത്രി എം. ലിജുവിനും ഇതുവരെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചിട്ടില്ല. എക്സൈസും സഹകരണ വകുപ്പും ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയുന്ന അനുയോജ്യനായ ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് വിവരം. രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാനാണ് മന്ത്രിയുടെ തീരുമാനം.
അതേസമയം, സർക്കാർ–പാർട്ടി ഏകോപന സംവിധാനത്തിന്റെ അഭാവവും നിയമനങ്ങൾ വൈകാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. വിവിധ നിയമനങ്ങളെ ചൊല്ലി കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ മന്ത്രിമാരുടെ ഓഫീസുകളിലെ നിർണായക തസ്തികകളുടെ നിയമനവും അനിശ്ചിതത്വത്തിൽ തുടരുകയാണ്.



