ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. എഐ എൻജിനീയറായ 25കാരനാണ് മരിച്ചത്. ഗുരുഗ്രാമിലെ താമസസ്ഥലത്തുവെച്ചാണ് യുവതിയെ ഇയാൾ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച പൊലീസ് യുവാവിന്റെ താമസസ്ഥലത്തെത്തി.
മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ഇതിനിടെ ഗാർഹി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ശരീരം ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് മൂന്ന് ദിവസം മുൻപാണ് യുവതി യുവാവിനൊപ്പം താമസിക്കാൻ എത്തിയതെന്നാണ് വിവരം.
ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




