ന്യൂഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യക്കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ട് ഹർജി തള്ളിയത്.
ഹർജി പരിഗണിക്കവെ അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. “വിദ്യാർഥികളോട് ഒരു അധ്യാപകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്?” എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. നിതിൻ രാജ് ക്ലാസ് മുറിക്കുള്ളിൽ സഹപാഠികളുടെ മുന്നിൽ അപമാനിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
ഇത്തരം സാഹചര്യത്തിൽ ഒരു വിദ്യാർഥിയുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും, അത്തരമൊരു പെരുമാറ്റത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അധ്യാപകന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. “മനുഷ്യത്വരഹിതം” എന്ന വാക്ക് മാത്രമാണ് ഇത്തരം പ്രവൃത്തിയെ വിശേഷിപ്പിക്കാൻ മനസ്സിൽ വരുന്നതെന്നും, അധ്യാപകർ അവരുടെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതം തിരിച്ചറിയേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഡോ. റാമിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സംഭവത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും അദ്ദേഹം വാദിച്ചു.
പ്രതിയായ ഡോ. എം.കെ. റാം കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.



