ന്യൂഡൽഹി: പത്താം ക്ലാസ് പരീക്ഷയിലെ ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ പരീക്ഷ ഉണ്ടാകില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. സ്കൂൾ തലത്തിലെ ഇന്റേണൽ പരീക്ഷകൾക്ക് ശേഷമായിരിക്കും പുതിയ സംവിധാനം നടപ്പാക്കുക.
അതേസമയം, ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം മുതൽ മൂന്നാം ഭാഷ പരീക്ഷ നിർബന്ധമാകും. പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിദ്യാർഥികൾ മൂന്ന് ഭാഷകളിലും വിജയിക്കേണ്ടതുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.
ഒൻപതാം ക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾ മൂന്ന് ഭാഷകൾ പഠിക്കണം. ഇതിൽ രണ്ട് ഭാഷകൾ നിർബന്ധമായും ഭാരതീയ ഭാഷകളായിരിക്കണം. മലയാളം ഉൾപ്പെടെ ഹിന്ദി, സംസ്കൃതം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, പഞ്ചാബി, ബംഗാളി, ഗുജറാത്തി, ഒഡിയ, അസമീസ് തുടങ്ങിയ ഭാഷകളിൽ നിന്ന് തിരഞ്ഞെടുക്കാം.
മൂന്നാം ഭാഷയായി ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, അറബിക്, സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. മൂന്നാം ഭാഷ പരീക്ഷ സ്കൂളുകളിലെ ഇന്റേണൽ അസസ്‌മെന്റിന്റെ ഭാഗമായാണ് നടത്തുക.
അതേസമയം, ഒൻപതാം ക്ലാസ് പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർഥികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കാമെങ്കിലും, പത്താം ക്ലാസിൽ പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് ആവശ്യമായ പരീക്ഷകൾ വിജയിക്കണം. പരീക്ഷാഫല പ്രഖ്യാപനത്തിന് മുൻപ് പുനർമൂല്യനിർണയത്തിനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.











