പാലക്കാട്: പാലക്കാട് ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം കർണാടകയിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. മൈസൂരു ജില്ലയിലെ ചാമരാജ് നഗറിൽ കുടുംബം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
വാണിയംകുളം പനയൂരിലെ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് ജൂലൈ 9-ന് പുലർച്ചെ മുതൽ കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ തിരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്.
കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ വാഹനം അന്വേഷണത്തിൽ നിർണായക തെളിവായി. ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്.
കാണാതായ ദിവസം പുലർച്ചെ പിക്കപ്പ് വാഹനം വീട്ടിൽ നിന്ന് പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബം കർണാടകയിലെ ചാമരാജ് നഗറിൽ എത്തിയതായി സ്ഥിരീകരിച്ചത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.













