പാലക്കാട്: മൂന്നംഗ കുടുംബം എട്ട് ദിവസത്തിന് ശേഷം സുരക്ഷിതരായി കണ്ടെത്തി. വാണിയംകുളത്ത് നിന്ന് കാണാതായ ബാബു ഭാസ്കറിനെയും കുടുംബത്തെയുമാണ് ഷൊർണൂർ പൊലീസ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്ന് കണ്ടെത്തിയത്. വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്വേഷണസംഘം കുടുംബത്തെ കണ്ടെത്തിയത്. തിരച്ചിലിൽ ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും പൊലീസിനൊപ്പം പങ്കുചേർന്നിരുന്നു. ശർക്കര വ്യാപാരവുമായി ബന്ധപ്പെട്ട് കുടുംബത്തിന് മൈസൂരുവിൽ ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചത്.
നാടുകാണി ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പിക്കപ്പ് ജീപ്പും അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. തുടർന്ന് നടത്തിയ പരിശോധനയിൽ കാണാതായ ദിവസം രാവിലെ കുടുംബം കർണാടക അതിർത്തി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പിന്നീട് മടങ്ങിവരുമ്പോൾ വാഹനത്തിൽ വിഷ്ണു മാത്രമാണ് ഉണ്ടായിരുന്നതെന്നും തുടർന്ന് വാഹനം മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞതായും അന്വേഷണത്തിൽ വ്യക്തമായി.
ബാബു ഭാസ്കറിനെയും കുടുംബത്തെയും കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വീട് പൂട്ടിക്കിടക്കുന്നതും മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നതുമാണ് സംശയത്തിന് ഇടയാക്കിയത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് കുടുംബം ചിലരോട് പറഞ്ഞിരുന്നതായും വിവരമുണ്ട്.
കുടുംബത്തെ കാണാതായ വിവരം അറിഞ്ഞ് വിദേശത്തായിരുന്ന വൈശാഖും ഭാര്യയും കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തുടർന്ന് അന്വേഷണസംഘത്തിനൊപ്പം കർണാടകയിലേക്ക് പോയ വൈശാഖിന്റെ സാന്നിധ്യത്തിലാണ് കുടുംബത്തെ കണ്ടെത്താനായത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




