ചെന്നൈ: മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചാൽ ശക്തമായി എതിർക്കുമെന്ന് ടിവികെയും ഡിഎംകെയും. കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ച് നിലപാട് സ്വീകരിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം.
ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളെ ബാധിക്കുന്ന ഏത് നീക്കത്തെയും ചെറുക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി.
ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ വിഷയം പ്രധാന ചർച്ചയായി. സംസ്ഥാന അവകാശങ്ങളെ ബാധിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പാർലമെന്റിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ സ്റ്റാലിൻ എംപിമാർക്ക് നിർദേശം നൽകി.
ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്നതോ സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ ഇടപെടുന്നതോ ആയ നിയമനിർമാണങ്ങളെ ഡിഎംകെ എതിർക്കുമെന്ന് പാർട്ടി വക്താവ് ശരവണൻ അണ്ണാദുരൈ വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിക്കാനുള്ള സാധ്യതയുണ്ടെന്നും, ബിജെപി മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെതിരെ നീക്കത്തിനെതിരെ ഡിഎംകെ നേരത്തെയും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എം.കെ. സ്റ്റാലിൻ നിർദ്ദിഷ്ട ബില്ലിന്റെ പകർപ്പ് കത്തിച്ച് ഇതിനെ ‘കരിനിയമം’ എന്ന് വിശേഷിപ്പിച്ചിരുന്നു.
അതേസമയം, തമിഴക വെട്രി കഴകത്തിന്റെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യും നീക്കത്തെ വിമർശിച്ചു. സംസ്ഥാനത്തിന്റെ അർഹമായ പ്രാതിനിധ്യം ഇല്ലാതാക്കുന്ന ഒരു നീക്കവും അംഗീകരിക്കില്ലെന്നും, ബിൽ ആരാണ് കൊണ്ടുവന്നാലും തമിഴ്‌നാട് ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മണ്ഡല പുനർനിർണയം അനിവാര്യമാണെന്ന നിലപാടിലാണ് ബിജെപി. നടപടി 2000ൽ തന്നെ നടപ്പാക്കേണ്ടതായിരുന്നുവെന്ന് ബിജെപി വക്താവ് നാരായണൻ തിരുപ്പതി പ്രതികരിച്ചു. അതേസമയം, വിഷയത്തിൽ എഐഎഡിഎംകെ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.




