കൊച്ചി: വിവാദമായ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും പരസ്യ വിമർശനവുമായി ലോയേഴ്‌സ് കോൺഗ്രസ് രംഗത്ത്. പ്ലീഡർ നിയമനത്തിലെ പരാതികൾക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി. കെ. അബ്ദുൾ റഹ്‌മാൻ പറഞ്ഞു. വിഷയത്തിൽ എഐസിസിയും കെപിസിസിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമനം ലഭിച്ച ജിയോണയും ശരത്തും ലോയേഴ്‌സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികമായി അംഗങ്ങളാണെങ്കിലും യൂണിറ്റ് അംഗത്വ വിതരണത്തിലൂടെ എത്തിയവരെ സജീവ പ്രവർത്തകരായി കണക്കാക്കാനാകില്ലെന്നായിരുന്നു അബ്ദുൾ റഹ്‌മാന്റെ പ്രതികരണം.
അർഹരായവർക്ക് അവസരം ലഭിച്ചില്ലെന്നതാണ് സംഘടനയുടെ പ്രധാന പരാതി. വിവിധ യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന ശുപാർശാ പട്ടിക സംസ്ഥാന നേതൃത്വം ക്രോഡീകരിച്ച് സംഘടനാ തലത്തിൽ തന്നെ നിയമനം നടത്തണമെന്നാണ് ലോയേഴ്‌സ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
പുറത്ത് നിന്നെത്തുന്ന പട്ടിക അതേപടി അംഗീകരിച്ചാണ് നിയമനം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം. ഇക്കാര്യത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും പരിഗണിച്ചില്ലെന്നും കോൺഗ്രസ് അഭിഭാഷകർ ആരോപിച്ചു.
ജില്ലാതലത്തിലുള്ള ഗവൺമെന്റ് പ്ലീഡർ നിയമനങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ സംഘടനാ തലത്തിലുള്ള ഇടപെടലിലൂടെ സുതാര്യമായ നിയമനം വേണമെന്നും ലോയേഴ്‌സ് കോൺഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് പുതിയ വിമർശനവുമായി ലോയേഴ്‌സ് കോൺഗ്രസ് രംഗത്തെത്തിയത്.




