കൊച്ചി: ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ പരിശോധനകളിൽ 330 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 390 പേരെ അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ സബ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ 130 കേസുകളിലായി 155 പേരാണ് അറസ്റ്റിലായത്. ആലുവയിൽ 75 കേസുകളിൽ 101 പേരെയും അറസ്റ്റ് ചെയ്തു.
പരിശോധനകളിൽ 145 കിലോയോളം കഞ്ചാവ് പിടികൂടി. ഇതിൽ 17 കിലോയോളം പെരുമ്പാവൂരിൽ നിന്ന് പിടികൂടിയ ഹൈബ്രിഡ് കഞ്ചാവാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയടക്കം ദമ്പതികൾ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു.
ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങൾ ഉൾപ്പെടെ ആറ് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. തായ്‌ലൻഡിലേക്ക് ടൂറിസ്റ്റ് വിസയിലൂടെ ആളുകളെ എത്തിച്ച് അവിടെ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടകളിലൊന്നാണ് ഇതെന്നും പിടികൂടിയ കഞ്ചാവിന് ഏകദേശം 18 കോടി രൂപ വിലവരുമെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ 35 ഗ്രാം എംഡിഎംഎ, 790 ഗ്രാം ഹാഷിഷ് ഓയിൽ, 200 ഗ്രാം ഹെറോയിൻ എന്നിവയും പിടികൂടി.
എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് അത്താണി ജംഗ്ഷനിൽ നിന്ന് കാറിൽ 24 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹെറോയിൻ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ അസം സ്വദേശി ഷെഫീഖുൽ ഇസ്ലാമിനെയും പൊലീസ് പിടികൂടി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളും ജില്ലയിൽ പുരോഗമിക്കുകയാണ്. റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, യുവജനങ്ങൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് എറണാകുളം റൂറലിൽ പദ്ധതി നടപ്പാക്കുന്നത്.




