ന്യൂഡൽഹി: ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ തുടരുന്ന കനത്ത മഴ, ഉരുൾപൊട്ടൽ, പ്രളയം എന്നിവയിൽപ്പെട്ട് 22 പേർ മരിച്ചു. ജമ്മു കശ്മീരിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്. സംസ്ഥാനത്ത് 11 പേർ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു.
പൂഞ്ച് ജില്ലയിലെ ലോറാനിൽ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് പതിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഡോഡ ജില്ലയിൽ ജമ്മു–കിഷ്ത്വാർ ദേശീയപാതയിലൂടെ സഞ്ചരിച്ച ബസിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിൽ പാറ വീണ് രണ്ട് യാത്രക്കാരും മരിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ സരയു നദിയിൽ ഒരു കുട്ടി ഒഴുക്കിൽപ്പെട്ടു. പിത്തോറഗഡിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. ഡെറാഡൂൺ, തെഹ്രി, ഹരിദ്വാർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാഗാലാൻഡിലെ മോൺ ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ശേഷിക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഹബീബ്പുരിൽ കനത്ത മഴയിൽ വീട് തകർന്നുവീണ് നാല് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഈ ആഴ്ച അവസാനം വരെ വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.




