കോട്ടയം: പാലാ നഗരസഭയിൽ അടുത്ത ചെയർപേഴ്സൺ കോൺഗ്രസിൽ നിന്നുള്ള ആളായിരിക്കുമെന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കൗൺസിലർ ടോണി തൈപ്പറമ്പിൽ പറഞ്ഞു. ആരാകും സ്ഥാനാർഥിയെന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിനെ തുടർന്ന് പാർട്ടി നടപടി സ്വീകരിച്ചതിൽ വിഷമമുണ്ടെന്നും ടോണി പറഞ്ഞു. എന്നാൽ, താൻ കോൺഗ്രസ് പ്രവർത്തകനായി തന്നെ തുടരുമെന്നും ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലായുടെ വികസനത്തിനായി പ്രവർത്തിക്കുന്ന ആരുടെയും പിന്തുണ സ്വീകരിക്കാൻ തയ്യാറാണെന്നും ടോണി വ്യക്തമാക്കി. അതേസമയം, വിമത കൗൺസിലർമാരെ പിന്തുണയ്ക്കുമെന്ന് എൽഡിഎഫ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.
പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനം വനിതാ സംവരണ വിഭാഗത്തിനാണ്. വിമത കൗൺസിലർമാരിൽ മൂന്ന് വനിതകൾ ഉള്ളതിനാൽ പുതിയ ചെയർപേഴ്സൺ ഇവരിൽ നിന്നായിരിക്കുമെന്നാണ് വിലയിരുത്തൽ.
അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം ഡിസിസിയാണ് നടപടി സ്വീകരിച്ചത്.
കോൺഗ്രസ് വിമതയായി വിജയിച്ച മായാ രാഹുലിന്റെയും നാല് കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണയോടെയാണ് ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരായ അവിശ്വാസ പ്രമേയം പാസായത്.
26 അംഗ നഗരസഭയിൽ എൽഡിഎഫിന് 11 അംഗങ്ങളും യുഡിഎഫിന് 10 അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്ര അംഗങ്ങളിൽ ഒരാളായ മായാ രാഹുലിന്റെ പിന്തുണ ലഭിച്ചതോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. ആദ്യ ടേമിൽ ദിയ ബിനു പുളിക്കക്കണ്ടത്തെയാണ് ചെയർപേഴ്സണായി തെരഞ്ഞെടുത്തത്.




