ബെംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ഹുൻസൂർ സ്വദേശിയായ ഹരീഷ് (39), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (13), രക്ഷ (6) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
പൊലീസ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നതനുസരിച്ച്, ഭാര്യയുടെയും മക്കളുടെയും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് ഹരീഷ് കൊലപ്പെടുത്തിയതെന്നാണ് സംശയം. തുടർന്ന് വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ എത്തി ഇയാൾ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് പൊലീസ് ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘എന്റെ അവസാന ആഗ്രഹങ്ങൾ’ എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ ചില അഭ്യർത്ഥനകളും തന്റെ സ്വത്ത് വിവരങ്ങളും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച വിശദാംശങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പനയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിച്ചിരുന്നയാളാണ് ഹരീഷ്. അടുത്തിടെ ഇയാളുടെ രണ്ട് സ്ഥലങ്ങൾ ബാങ്ക് ജപ്തി ചെയ്തിരുന്നതായും സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.
എന്നാൽ കുടുംബത്തെ കൂട്ടക്കൊല ചെയ്യാനും ആത്മഹത്യ ചെയ്യാനും പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങളാണോ അതോ മറ്റേതെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്നത് പൊലീസ് പരിശോധിച്ചുവരികയാണ്.
ഹുൻസൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




