കൊച്ചി: കുറുവ സംഘം പ്രതികളായ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ രണ്ടാം പ്രതിയായ കട്ടുപൂച്ചനെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സന്തോഷ് ശെൽവത്തിന്റെ ശിക്ഷ ഉടൻ പ്രഖ്യാപിക്കും. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. തെളിവുകളുടെ അഭാവവും അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് കട്ടുപൂച്ചനെ കോടതി കുറ്റവിമുക്തനാക്കിയത്.
കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കുറുവ സംഘം ആലപ്പുഴയിൽ വ്യാപകമായി മോഷണം നടത്തിയത്. മുഖംമൂടി ധരിച്ച് വീടുകളുടെ പിൻവാതിലിലൂടെ കയറി കവർച്ച നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി. ചേർത്തല, മണ്ണഞ്ചേരി, കോമളപുരം, പുന്നപ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു മോഷണം നടന്നത്.
സംഘത്തിലെ പ്രധാനിയായ സന്തോഷ് ശെൽവനെ മണ്ണഞ്ചേരി പൊലീസ് എറണാകുളം കുണ്ടന്നൂർ പാലത്തിനടിയിൽ നിന്ന് പിടികൂടിയിരുന്നു. തുടർന്ന് സംഘത്തലവനായ കട്ടുപൂച്ചനായി അന്വേഷണം തുടർന്നു. മാർച്ചിൽ തമിഴ്നാട് മധുരയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കുറുവ സംഘം പ്രതികളായ മൂന്ന് കേസുകളുടെ വിചാരണ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായിരുന്നു. അതിൽ ഒരു കേസിലാണ് ഇന്ന് വിധി വന്നത്. സന്തോഷ് ശെൽവനെയും കട്ടുപൂച്ചനെയും പ്രതികളാക്കി മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റ് രണ്ട് കേസുകളിൽ കോടതി അടുത്ത ദിവസം വിധി പറയും.




