പഠനം, തൊഴിൽ, ബിസിനസ്… അങ്ങനെ എന്തിനും ഏതിനും നമ്മൾ ആദ്യം ഓടിയെത്തുന്നത് എവിടെയാ? സംശയമേ വേണ്ട, ഗൂഗിളിൽ തന്നെ! എത്ര സങ്കീർണമായ ചോദ്യങ്ങൾക്കും നിമിഷനേരം കൊണ്ട് മറുപടി തരാൻ ഗൂഗിളിന് കഴിയും. പക്ഷേ… കണ്ണും പൂട്ടി എന്തും ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ സൂക്ഷിക്കുക! ടെക് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്, നമ്മൾ അറിയാതെ ചെയ്യുന്ന ചില സെർച്ചുകൾ നമ്മുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാനും, സ്വകാര്യത ഇല്ലാതാക്കാനും പോന്ന കുരുക്കുകളാണ്!
ചോദ്യങ്ങൾക്കെല്ലാം അതിവേഗത്തിൽ മറുപടി നൽകുമെങ്കിലും ചില വിവരങ്ങൾ ഗൂഗിളിൽ പങ്കുവെക്കുന്നതും തിരയുന്നതുമെല്ലാം നിങ്ങളുടെ സ്വകാര്യതയ്ക്ക് പോലും ഭീഷണിയായേക്കുമെന്നാണ് റിപ്പോർട്ട്. സൈബർ തട്ടിപ്പുസംഘത്തിൻറെ കയ്യിലേക്ക് നിങ്ങളുടെ സ്വകാര്യവിവരങ്ങൾ ചെന്നെത്താനും സാധ്യതയുണ്ട്. അധികപേരും അവഗണിച്ചുകളയുന്ന, ഒരുകാരണവശാലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത ആ അഞ്ച് കാര്യങ്ങൾ പരിശോധിക്കാം. വീഡിയോ മുഴുവനായി കാണൂ!
ബാങ്കുകളുടെയും പ്രമുഖ ബ്രാൻഡുകളുടെയും കസ്റ്റമർ കെയർ നമ്പറുകൾ
ഉപയോക്താക്കളെ കെണിയിലകപ്പെടുത്താനായി വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് കാത്തിരിക്കാനിഷ്ടപ്പെടുന്നവരാണ് തട്ടിപ്പുസംഘത്തിലേറെയും. ബാങ്ക്, എയർലൈൻ, പേയ്മെൻറ് തുടങ്ങിയവയ്ക്കായി കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ് നിങ്ങളെത്തുന്നത് തട്ടിപ്പുകാരിലേക്കാവാനുള്ള സാധ്യതയേറെയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാങ്കുകളുടെയും പ്രശസ്ത ബ്രാൻഡുകളുടെയും പേരിലുള്ള വ്യാജ വെബ്സൈറ്റുകളും ഫോൺ നമ്പറുകളും ഗൂഗിളിൽ ടോപ്പ് റിസൾട്ടായി വരാൻ തട്ടിപ്പുകാർക്ക് കഴിയും. ഇതിലേക്ക് വിളിച്ചാൽ നിങ്ങളുടെ ബാങ്ക് വിവരങ്ങളും ഒ.ടി.പിയും വരെ ചോർത്തി അക്കൗണ്ട് കാലിയാക്കും! എപ്പോഴും ബാങ്കിന്റെയോ കമ്പനിയുടെയോ ഔദ്യോഗിക ആപ്പുകളിൽ നിന്നോ, അവരുടെ വെബ്സൈറ്റിൽ നിന്നോ മാത്രം കസ്റ്റമർ കെയർ നമ്പറുകൾ എടുക്കുക.
‘Free Software Download’ അല്ലെങ്കിൽ ‘Cracked Software’ സെർച്ചുകൾ!
പണം കൊടുത്ത് വാങ്ങേണ്ട പ്രീമിയം സോഫ്റ്റ്വെയറുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ഗൂഗിളിൽ തിരയുന്നവരാണോ നിങ്ങൾ? എങ്കിൽ തീക്കൊള്ളി കൊണ്ടാണ് നിങ്ങൾ തല ചൊറിയുന്നത്! ഇത്തരം വെബ്സൈറ്റുകളിൽ ഭൂരിഭാഗവും മാല്വെയറുകളും വൈറസുകളും നിറഞ്ഞതാണ്. വിശ്വസനീയമെന്ന് തോന്നിക്കുന്ന ഈ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ വഴി നിങ്ങളുടെ കമ്പ്യൂട്ടറിലെയും ഫോണിലെയും രഹസ്യ വിവരങ്ങളും പാസ്വേഡുകളും തട്ടിപ്പുകാർ ചോർത്തിയെടുക്കും. സൊല്യൂഷൻ simple ആണ്: ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ അല്ലെങ്കിൽ സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഡൗൺലോഡിനായി ഉപയോഗിക്കുക.
രോഗലക്ഷണങ്ങൾ സെർച്ച് ചെയ്ത് സ്വയം ചികിത്സിക്കൽ
ചെറിയൊരു തലവേദനയോ വയറുവേദനയോ വന്നാൽ ഉടൻ ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. പക്ഷേ, സാാരണ തലവേദന സെർച്ച് ചെയ്താൽ പോലും വൻകിട മാരകരോഗങ്ങളുടെ ലിസ്റ്റാവും ഗൂഗിൾ കാണിച്ചു തരിക! ഇത് നിങ്ങളുടെ മാനസികസമ്മർദ്ദം കൂട്ടാൻ മാത്രമേ ഉപകരിക്കൂ. ഒന്നോർത്തു നോക്കൂ, തലവേദനയുടെ കാരണം തിരയുമ്പോൾ നിങ്ങൾക്ക് ക്യാൻസർ ആണെന്ന് ഗൂഗിൾ പറഞ്ഞാലുള്ള അവസ്ഥ. അതുകൊണ്ട്, ഗൂഗിളിനെ ഡോക്ടറാക്കാതെ, കൃത്യസമയത്ത് ഒരു യഥാർത്ഥ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. ആരോഗ്യ കാര്യങ്ങളിൽ ഗൂഗിൾ നൽകുന്ന വിവരങ്ങൾ ഒരു പൊതുവിജ്ഞാനം മാത്രമായി കാണുക, ചികിത്സയ്ക്കുള്ള വഴിയായി കാണരുത്.
നിക്ഷേപ ഐഡിയകൾ
‘ഡബിൾ മണി ഫാസ്റ്റ്’ പോലുള്ള ബിസിനസ് കാര്യങ്ങൾ ഗൂഗിളിനോട് ചോദിച്ച് ചെയ്യുന്നതായിരിക്കും ഏറ്റവും വലിയ അബദ്ധവും അപകടവും. എങ്ങനെ കുറഞ്ഞ സമയം കൊണ്ട് പണം ഇരട്ടിയാക്കാം, വീട്ടിലിരുന്ന് പ്രതിദിനം ആയിരങ്ങൾ സമ്പാദിക്കാം എന്നൊക്കെ തിരഞ്ഞു പോയാൽ ചെന്നുപെടുന്നത് വൻ തട്ടിപ്പ് ആപ്പുകളിലും ഫിനാൻഷ്യൽ സ്കാമുകളിലുമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഗൂഗിളിൽ കിട്ടുന്ന വിവരങ്ങൾ കണ്ട് കണ്ണടച്ച് പണം നിക്ഷേപിക്കരുത്. ലൈസൻസുള്ള ഫിനാൻഷ്യൽ അഡ്വൈസർമാരോടോ വിശ്വസ്തരായ ആളുകളോടോ ഉപദേശം ചോദിച്ച ശേഷം മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കുക. ബിസിനസ്, സാമ്പത്തിക കാര്യങ്ങളിൽ ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടുന്ന വിവരങ്ങളിലേറെയും നേരത്തെ സൂചിപ്പിച്ചതുപോലുള്ള വ്യാജസൈറ്റുകളിൽ ചെന്നുചാടിക്കാനുള്ള സാധ്യത വർധിപ്പിച്ചേക്കും. ഒപ്പം ബാങ്ക് അക്കൗണ്ട് കാലിയാകാനും ഒരു സേർച്ച് മതിയാകും.
നിങ്ങളുടെ സ്വന്തം ഫോൺ നമ്പറോ ഇമെയിലോ ഐഡി വിവരങ്ങളോ സെർച്ച് ചെയ്യുന്നത്
നമ്മുടെ വിവരങ്ങൾ ഗൂഗിളിൽ ലഭ്യമാണോ എന്ന് അറിയാൻ പലരും സ്വന്തം ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ സെർച്ച് ചെയ്യാറുണ്ട്. അത് നിങ്ങളുടെ എത്രത്തോളം വിവരങ്ങൾ മറ്റുള്ളവർക്ക് കാണാൻ സാധിക്കുമെന്നത് നിങ്ങളെ ബോധ്യപ്പെടുത്തും. എന്നാൽ അജ്ഞാതമായ ഏതെങ്കിലും വെബ്സൈറ്റുകളിൽ നിങ്ങളുടെ വിവരങ്ങൾ കാണുകയാണെങ്കിൽ, അവിടെ ക്ലിക്ക് ചെയ്യുകയോ ആ ലിങ്കുകളുമായി ഇടപഴകുകയോ ചെയ്യരുത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഏതെങ്കിലും വെബ്സൈറ്റിൽ തെറ്റായി കാണുകയാണെങ്കിൽ, ഗൂഗിളിന്റെ ‘remove select personally identifiable info ഓപ്ഷൻ വഴി അത് നീക്കം ചെയ്യാൻ അപേക്ഷ നൽകുകയാണ് വേണ്ടത്.”




