തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബാലരാമപുരം സ്വദേശി വിജയകുമാർ (46) കുറ്റക്കാരനെന്ന് കണ്ടെത്തി കാട്ടാക്കട അതിവേഗ പോക്സോ കോടതി 23 വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു. പിഴത്തുക ഇരയായ കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2023-ലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് നൃത്തപരിശീലനത്തിന് എത്തിയ കുട്ടിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. ഭയം കാരണം കുട്ടി സംഭവം ആദ്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് സ്കൂളിലെ കൗൺസലിംഗിനിടെയാണ് പീഡനവിവരം അധ്യാപകരെ അറിയിച്ചത്.
തുടർന്ന് അധ്യാപകർ ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ 18 സാക്ഷികളെയും 37 രേഖകളും നാല് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. അന്നത്തെ നെയ്യാറ്റിൻകര പൊലീസ് ഇൻസ്പെക്ടർ എം. ശ്രീകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.




