കൊച്ചി: വൈപ്പിൻ ഞാറയ്ക്കലിൽ ഏകമകന്റെ മരണത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിനിടെ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിലെ കളത്തിപ്പറമ്പിൽ സഞ്ജീവ് (70), ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്.
വീട്ടിന്റെ മുൻവശത്തെ മുറിയിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി.
വിദേശത്ത് ജോലി ചെയ്തിരുന്ന സഞ്ജീവ് നാട്ടിലെത്തിയ ശേഷം മഞ്ഞക്കാട് മറൈൻ വർക്‌ഷോപ്പ് നടത്തി വരികയായിരുന്നു. നിയമവകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷം മുമ്പ് വിരമിച്ചിരുന്നു. ഇവരുടെ ഏകമകൻ സിജോയ് അസുഖത്തെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. അതിനുശേഷം ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഒരു വർഷം മുമ്പ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുവരും ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. തുടർന്ന് സഞ്ജീവിന്റെ സഹോദരൻ ദിവസവും ഇവരുടെ വിവരങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു.
ബുധനാഴ്ച രാവിലെ വീട്ടിലെത്താൻ സഞ്ജീവ് സഹോദരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിന്റെ മുൻവാതിൽ തുറന്ന നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.




