മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിറാം കിഷുൻജി സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുനിതാദേവി (30)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബിഹാർ സ്വദേശികളാണ്. കഴിഞ്ഞ ഒമ്പത് വർഷമായി താനെയിൽ ഏഴ് വയസ്സുള്ള മകനൊപ്പം താമസിച്ചുവരികയായിരുന്നു.
പൊലീസിന്റെ വിവരമനുസരിച്ച്, സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സുനിതാദേവി പ്രഷർ കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് ഭർത്താവിന്റെ തലയ്ക്ക് അടിക്കുകയും പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
ആദ്യം ഭർത്താവ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും സുനിതാദേവി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.




