കൊച്ചി: നടൻ മോഹൻലാലിനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം. മകൾ വിസ്മയ മോഹൻലാൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് മോഹൻലാലിനെയും കുടുംബത്തെയും ലക്ഷ്യമിട്ട് അധിക്ഷേപ കമന്റുകൾ വ്യാപകമായത്.
വിസ്മയയ്‌ക്കെതിരായ വിമർശനങ്ങൾക്കു പിന്നാലെയാണ് ആക്രമണം മോഹൻലാലിലേക്കും തിരിഞ്ഞത്. മകളെ വിമർശിച്ചും മോഹൻലാലിനെ ലക്ഷ്യമിട്ടും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിലും ചിലർ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.
ലോകകപ്പിൽ സ്പെയിനിന്റെ വിജയം ആഘോഷിച്ച് വിസ്മയ പങ്കുവെച്ച പോസ്റ്റിന് താഴെയും അധിക്ഷേപ കമന്റുകൾ നിറഞ്ഞിരുന്നു. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വ്യക്തിപരമായ അധിക്ഷേപങ്ങളും സിനിമകളുമായി ബന്ധപ്പെടുത്തിയുള്ള പരാമർശങ്ങളും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വിസ്മയ മോഹൻലാൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. ഇതിന് പിന്നാലെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രതികരണങ്ങൾ ഉണ്ടായി.
നടൻ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് എന്നിവരടക്കമുള്ള നിരവധി താരങ്ങളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇവരുടെ പോസ്റ്റുകൾക്ക് താഴെയും സമാനമായ രീതിയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു.












