തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിൽ 264 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. സ്ഥലംമാറ്റ പട്ടികയിൽ 262 പേർ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ അക്കൗണ്ട് ഓഫീസർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെയും പുതിയ സ്ഥലങ്ങളിലേക്ക് നിയമിച്ചിട്ടുണ്ട്.
ഭരണപരമായ കാര്യങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പ്രിൻസിപ്പൽ ഡയറക്ടറോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 264 പേരെ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറങ്ങിയത്. സെൻസസ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആ ചുമതല പൂർത്തിയാക്കിയ ശേഷമേ പുതിയ സ്ഥലത്തേക്ക് വിടുതൽ നൽകാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മറ്റ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവും രണ്ടാംഘട്ടത്തിൽ പുറത്തിറങ്ങുമെന്നാണ് വിവരം.


