കൊച്ചി: സി.ജെ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെന്ന വിലയിരുത്തലുകൾക്കിടെ, മുംബൈയിലെ പ്രതിഷേധത്തിനിടെ ശ്രദ്ധ നേടിയ റിയ ആഹിറിന്റെ ചിത്രം പുനരാവിഷ്‌കരിച്ച് നടി നവ്യാ നായർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം പിൻവലിച്ചു.
ദാദറിലെ ശിവജി പാർക്കിന് സമീപം കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പൊലീസ് വാഹനം ഒറ്റയ്ക്ക് തടഞ്ഞുനിർത്തി പ്രതിഷേധിച്ച റിയ ആഹിറിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേ മാതൃകയിൽ പൊലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യാ നായർ പങ്കുവെച്ചത്.
‘വന്ദേ മാതരം’ പശ്ചാത്തല സംഗീതമായി ഉൾപ്പെടുത്തിയിരുന്ന പോസ്റ്റിൽ മറ്റ് വിശദീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ സി.ജെ.പി.യുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ചിത്രം പങ്കുവെച്ചതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾ ഉയർന്നു. പിന്നാലെ നവ്യാ നായർ ചിത്രം പിൻവലിക്കുകയായിരുന്നു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സംഘടിപ്പിക്കുന്ന പ്രതിഷേധം ശക്തമായി തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളും പിന്തുണക്കാരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. അവധി ദിനമായതിനാൽ ശനിയാഴ്ച പ്രതിഷേധക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചതായാണ് റിപ്പോർട്ട്. തുടർന്നും കൂടുതൽ പേർ എത്തുമെന്ന വിലയിരുത്തലിനെ തുടർന്ന് ഡൽഹിയിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്. 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിട്ടിരിക്കുകയാണ്.




