ആലുവ: ആലുവ എടത്തലയിൽ പോക്സോ കേസിലെ 16 വയസ്സുള്ള ഇരയെ കാണാതായി. വനിതകൾ മാത്രം പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. അധികൃതരാണ് ആദ്യം പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കുടുംബവും പരാതി നൽകി. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. മൂന്ന് മാസം മുമ്പ് കുടുംബം ആലുവയിലേക്ക് താമസം മാറിയതിനെ തുടർന്ന് പെൺകുട്ടി ഇവിടെ പഠിച്ചുവരികയായിരുന്നു.
അന്വേഷണത്തിൽ പെൺകുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയതായും തുടർന്ന് ഓട്ടോയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതായും പൊലീസ് കണ്ടെത്തി. സ്റ്റേഷനിൽ എത്തിയ ശേഷം ഓട്ടോ ഡ്രൈവറുടെ ഫോൺ ഉപയോഗിച്ച് ഒരാളെ വിളിച്ചതായും കണ്ടെത്തി.
ഫോൺവിളിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടി വിളിച്ചത് പോക്സോ കേസിലെ പ്രതിയെയാണെന്ന് പൊലീസ് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി പ്രതിക്കൊപ്പമായിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
അതേസമയം, പെൺകുട്ടി ആലുവയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയിരിക്കാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. കുട്ടിയുടെ വിവരങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിനും കൈമാറി. പെൺകുട്ടിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




