കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ കൂടുതൽ ഗുരുതര കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). തിരുവാഭരണങ്ങൾ സ്വർണം പൂശുന്നതിനായി ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷൻ ഓഫീസിലെ സൂപ്രണ്ടിന്റെ നിർദേശം അവഗണിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
തിരുവാഭരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ക്ഷേത്രവളപ്പിനുള്ളിൽ തന്നെ നടത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം മാനുവലിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി 2024 ഒക്ടോബറിൽ സൂപ്രണ്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഈ നിർദേശം പാലിക്കാതെയാണ് തിരുവാഭരണങ്ങൾ പുറത്തേക്ക് കൊണ്ടുപോയതെന്നാണ് എസ്‌ഐടി കണ്ടെത്തിയത്.
കേസിൽ പി.എസ്. പ്രശാന്തിനെയും മുൻ ദേവസ്വം ബോർഡ് അംഗം അജികുമാറിനെയും കഴിഞ്ഞ ആഴ്ച എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിൽ ഇരുവർക്കുമുള്ള പങ്ക് വ്യക്തമാണെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഒരുദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിൽ റിമാൻഡിലുള്ള ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കേസിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ പ്രതികൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ പുതിയ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തേണ്ടതിനാൽ വിശദമായ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്നാണ് വിവരം. 2025-ലെ ദ്വാരപാലക പാളി കൈമാറ്റവുമായി ബന്ധപ്പെട്ടും വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. ഈ കൈമാറ്റത്തിലും സ്വർണക്കൊള്ള നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കമെന്നും അന്വേഷണവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും പി.എസ്. പ്രശാന്തിനും അജികുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്‌ഐടി ഉന്നയിച്ചിരിക്കുന്നത്. ഇരുവരും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2019-ലെ സ്വർണം അപഹരിച്ച സംഭവം മറച്ചുവെക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ദേവസ്വം ബോർഡ് ഉത്തരവിറക്കിയതെന്നും ശബരിമലയിലെ സ്വർണം അപഹരിക്കാൻ ഇരുവരും കൂട്ടുനിന്നെന്നും എസ്‌ഐടി ആരോപിക്കുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാഹചര്യം ഒരുക്കിയെന്നും 2019-ലെ അപഹരണം മറച്ചുവെക്കാനാണ് 2025-ൽ വീണ്ടും സ്വർണം പൂശിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച 12 ദ്വാരപാലക പാളികളിൽ നാലെണ്ണത്തിൽ നിന്ന് വീണ്ടും സ്വർണം വേർതിരിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി എസ്‌ഐടി കോടതിയെ അറിയിച്ചു.




