തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ കെ-ഫോൺ വഴിയുള്ള സൗജന്യ ഇന്റർനെറ്റ് സേവനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ വിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നു. സ്‌കൂളുകൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന പരാതിയെ തുടർന്നാണ് സൗജന്യ സേവനം തുടരാൻ ബദൽ മാർഗങ്ങൾ തേടാനുള്ള നീക്കം.
വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഉടൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. സ്‌കൂളുകൾക്ക് ഇന്റർനെറ്റ് സേവനം തുടർച്ചയായി ലഭ്യമാക്കുന്നതിനുള്ള പരിഹാരമാണ് സർക്കാർ അന്വേഷിക്കുന്നത്.
കെ-ഫോൺ സേവനം തുടർന്നും ഉപയോഗിക്കണമെങ്കിൽ ഇനി മുതൽ ഇന്റർനെറ്റ് ചാർജ് സ്‌കൂളുകൾ തന്നെ വഹിക്കണമെന്നായിരുന്നു കെ-ഫോണിന്റെ പുതിയ നിർദേശം. ബിൽ അടയ്ക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ സേവനം ലഭ്യമാക്കുകയുള്ളുവെന്ന് അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പിന് കെ-ഫോൺ ഇമെയിൽ അയച്ചിരുന്നു.
നിലവിൽ സംസ്ഥാനത്തെ ഏകദേശം 6,000 സ്‌കൂളുകളിലാണ് കെ-ഫോൺ സേവനം ലഭ്യമാക്കുന്നത്. 2018 മുതൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, ഐടി പാർക്കുകൾ തുടങ്ങിയ സ്ഥാപനങ്ങളെ ഹൈസ്പീഡ് ഇന്റർനെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ കെ-ഫോൺ പദ്ധതി നടപ്പാക്കിയത്. ഐടി വകുപ്പിന്റെ നേതൃത്വത്തിൽ കെഎസ്ഇബിയും കെഎസ്‌ഐടിഐഎല്ലും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്റർനെറ്റ് ഒരു അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായ കേരളത്തിൽ, സ്‌കൂളുകളിലെ കെ-ഫോൺ സേവനം തുടരാനുള്ള സർക്കാർ നീക്കം വിദ്യാഭ്യാസ മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.




