ന്യൂഡൽഹി: ഡൽഹിയിൽ തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെക്കൻ ഡൽഹിയിലെ എയിംസ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. ബിഹാറിലെ നവാഡ സ്വദേശിയായ മനോജ് സിങ് (49) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ സൈമൂർ നഗർ സ്വദേശിയായ ലോകേഷിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി. കഴിഞ്ഞ 20 വർഷമായി സഫ്ദർജങ് ആശുപത്രിക്ക് പുറത്ത് വസ്ത്രങ്ങൾ വിൽക്കുന്നയാളായിരുന്നു മനോജ്.
ജൂലൈ 23-ന് എയിംസ് മെട്രോ സ്റ്റേഷന്റെ മൂന്നാം നമ്പർ ഗേറ്റിന് സമീപം ഗുരുതര പരിക്കുകളോടെ മനോജിനെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസ് സ്റ്റാൻഡിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനോജിനെ മദ്യലഹരിയിലായിരുന്ന ലോകേഷ് തടഞ്ഞുനിർത്തി തർക്കമുണ്ടാക്കുകയായിരുന്നു. മനോജ് ഇയാളെ തള്ളിമാറ്റി മുന്നോട്ടുപോകാൻ ശ്രമിച്ചതോടെ പിന്നാലെയെത്തിയ ലോകേഷ് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.











