കൊല്ലം: ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ പൊലീസ് മർദനമാണ് മരണകാരണമെന്ന പരാതിയിൽ കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഓഗസ്റ്റ് 5-ന് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) കഴിഞ്ഞ ജൂലൈ 24-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്താണ് നടപടി സ്വീകരിച്ചത്.
ഇതിനിടെ, സിയാദിന്റെ മരണത്തിൽ പൊലീസ് ക്രൂരമർദനമുണ്ടായെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡിയിൽ വെച്ച് പൊലീസ് മർദിച്ചുവെന്ന് ആരോപിക്കുന്ന സിയാദിന്റെ ശബ്ദസന്ദേശവും മകൾ ഉന്നയിച്ച ആരോപണങ്ങളും പുറത്തുവന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ മർദനാരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്.
ജൂൺ 16-ന് കാണാതായ അയൽവാസികളായ രണ്ട് ഏഴാം ക്ലാസ് വിദ്യാർഥികളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സിയാദിനെ അർധരാത്രിയിൽ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കുട്ടികളെ പിന്നീട് കണ്ടെത്തിയതോടെ സിയാദിനെ വിട്ടയച്ചിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സിയാദ് ചികിത്സ തേടുകയും ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജീപ്പിൽ വെച്ച് മർദിച്ചെന്നായിരുന്നു സിയാദിന്റെ ശബ്ദസന്ദേശത്തിലെ ആരോപണം. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷമേ മരണകാരണത്തിലും ആരോപണങ്ങളിലും വ്യക്തത വരൂ.




