കേരളത്തിലെ അഴിമതിയുടെ വേരറുക്കാൻ വിജിലൻസിനെ മുന്നിൽ നിർത്തി ആഭ്യന്തര വകുപ്പ് പുതിയ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ വിജയകരമായി മുന്നേറുന്നതിനിടെയാണ് അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് ‘പ്രൊജക്റ്റ് സീറോ’ എന്ന പുതിയ ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്.
“സീറോ കറപ്ഷൻ, സീറോ എക്സ്ക്യൂസ്, സീറോ ടോളറൻസ്” എന്ന ശക്തമായ മുദ്രാവാക്യത്തോടെയാണ് പദ്ധതിയുടെ വരവ്. തിരുവനന്തപുരം ലയോള സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത നടൻ നിവിൻ പോളി ആദ്യ ‘വിജിലൻസ് കമാൻഡോ’ ആയി എത്തി വിജിലൻസ് വിസിൽ മുഴക്കിയതോടെയാണ് ഈ ജനകീയ യജ്ഞത്തിന് തുടക്കമാകുന്നത്. നേരത്തെ ‘ഓപ്പറേഷൻ തൂഫാന്റെ’ ബ്രാൻഡ് അംബാസഡറായി സൂപ്പർ താരം മോഹൻലാലിനെ എത്തിച്ച മാതൃകയിലാണ് യുവാക്കളെ ആകർഷിക്കാൻ നിവിൻ പോളിയെ പ്രൊജക്റ്റ് സീറോയുടെ ഭാഗമാക്കിയിരിക്കുന്നത്.
അഴിമതിയെ തുരത്താൻ യുവജനതയെ സജ്ജരാക്കുകയാണ് പ്രധാന ലക്ഷ്യം. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിതമായ സുതാര്യമായ ഒരു കേരളം വാർത്തെടുക്കുക എന്നതാണ് പ്രൊജക്റ്റ് സീറോയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറയുന്നു. ഇതിന്റെ ഭാഗമായി അഴിമതിക്കെതിരെ പോരാടാൻ യുവജനങ്ങളെ ‘വിജിലൻസ് കമാൻഡോകൾ’ ആയി അണിനിരത്തുകയും, ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആഭ്യന്തര വകുപ്പ് ലഭിച്ചപ്പോൾ തന്നെ വ്യക്തമായ പദ്ധതികൾ ചെന്നിത്തലയ്ക്കുണ്ടായിരുന്നു. അതിൽ ആദ്യം നടപ്പിലാക്കിയതാണ് തുഫാൻ. പിന്നാലെ തന്നെ പ്രൊജക്ട് സീറോയെ പറ്റി പരാമർശിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി, അഴിമതിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വിജിലൻസ് മാന്വൽ കാലോചിതമായി പരിഷ്കരിക്കുകയും ചെയ്തിരുന്നു. 2002ന് ശേഷം ആദ്യമായാണ് മാന്വൽ പരിഷ്കരണം നടപ്പിലാക്കുന്നത് എന്ന് പറയുമ്പോൾ തന്നെ എത്രമാത്രം കാലഹരണപ്പെട്ടതായിരുന്നു നമ്മുടെ സിസ്റ്റം എന്ന് മനസിലാക്കാം.
അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന സർക്കാരും വ്യത്യസ്തമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അഴിമതി കണ്ടാൽ അറിയിക്കാനുള്ള സംവിധാനമാണ് തുടങ്ങിയത്. ഇതിന് പിന്നാലെ സ്വന്തം പാർട്ടിയായ ടിവികെയിലെ അടക്കം നിരവധി ഉദ്യോഗസ്ഥർ കുടുങ്ങിയിട്ടുണ്ട്. ‘പ്രൊജക്ട് സീറോ-വിജിലൻസ് വിസിൽ’ എന്ന പേരിന് പിന്നിലും വിജയുടെ സ്വാധീനമുണ്ട്. വിജയിന്റെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നവും അഴിമതിക്കെതിരായ ‘വിസിൽബ്ലോവർ’ കാമ്പയിനുമാണ് ഇതിന് പ്രചോദനമായതെന്ന് ചെന്നിത്തല തന്നെ പറഞ്ഞിട്ടുണ്ട്.
ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി ജനങ്ങളുടെ കൂടി സഹായത്തോടെയാണ് നടപ്പാക്കുക. സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട അഴിമതികൾ വിജിലൻസിനെ അറിയിക്കാൻ പുതിയ ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്. 1064 എന്ന നമ്പറിൽ വിളിച്ച് അഴിമതിക്കാരുടെ വിവരങ്ങൾ പങ്കുവെക്കാം. വിവരം നൽകുന്നവരുടെ ഔദ്യോഗിക വിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. യുവജനതയുടെ നേതൃത്വത്തിലുള്ള ഈ സാമൂഹ്യ പ്രതിബദ്ധതാ ദൗത്യത്തിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് ചെന്നിത്തല അഭ്യർത്ഥിക്കുന്നു. കൈക്കൂലിയോ അഴിമതിയോ കാണിക്കുന്നതിന്റെ വീഡിയോ തെളിവുകൾ നൽകുന്നവർക്ക് 5,000 രൂപ അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. അഴിമതിരഹിത സമൂഹം സൃഷ്ടിക്കുന്നതിൽ സംസ്ഥാനത്തെ യുവാക്കളുടെ പങ്കാളിത്തമാണ് ആഭ്യന്തരവകുപ്പ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. നിവിൻ പോളിയെ കൊണ്ടുവന്നതും ഈ ഉദ്ദേശത്തിൽ തന്നെയാണ്. നേരത്തെ, ഓപ്പറേഷൻ തൂഫാന്റെ ആദ്യ വാരിയറായി സൂപ്പർ താരം മോഹൻലാലിനെ കൊണ്ടുവരാൻ സർക്കാരിനായിരുന്നു. ആ പദ്ധതിയുടെ വിജയത്തിൽ ഈയൊരു നീക്കവും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ, പ്രത്യേകിച്ച് നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന മോഹൻലാലിന്റെ വിഖ്യാത ഡയലോഗ് നല്ല രീതിയിൽ ഈ ക്യാമ്പയിന്റെ ഭാഗമായി ഉപയോഗിക്കാനായിരുന്നു.
പൊതുജനങ്ങൾക്ക് ഒരു കൈക്കൂലിയും നൽകാതെ സേവനങ്ങൾ ലഭ്യമാക്കുക എന്ന ശീലം ഉദ്യോഗസ്ഥരിൽ നിർബന്ധപൂർവ്വം തന്നെ വളർത്തിയെടുക്കുക എന്നതാണ് ഇത്തരമൊരു പദ്ധതിയുടെ ദീർഘകാല ലക്ഷ്യം. അതിന് സാങ്കേതിക വിദ്യയുടെ സഹായവും സർക്കാർ തേടും. ഡിജിറ്റൽ അഴിമതികളും സൈബർ കുറ്റകൃത്യങ്ങളും തടയാൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തം. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കുചേരുന്നതിനുമായി www.vigilance.kerala.gov.in സന്ദർശിക്കുകയോ പുറത്തിറക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാവുന്നതാണ്.
ഇനി കേരളത്തിലെ ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന അഴിമതിയുടെ വ്യാപ്തി പരിശോധിച്ചാൽ, 2025ൽ സംസ്ഥാനത്തൊട്ടാകെ 57 ട്രാപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുൾപ്പെടെ 76 പേരാണ് പിടിയിലായത്. വിവിധ സർക്കാർ വകുപ്പുകൾ പരിശോധിച്ചതിൽ ഏറ്റവും കൂടുതൽ കൈക്കൂലിക്കാർ പിടിയിലായത് റവന്യൂ വകുപ്പിലാണ്. ഈ വകുപ്പിൽ മാത്രം 20 കേസുകൾ റിപ്പോർട്ട് ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പിൽ 12 കേസുകളും പൊലീസ് വകുപ്പിൽ ആറ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2026-ൽ മാത്രം 201 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 300 പ്രാഥമിക അന്വേഷണങ്ങളും 136 രഹസ്യാന്വേഷണങ്ങളും 57 വിജിലൻസ് അന്വേഷണങ്ങളും നിലവിൽ നടക്കുന്നുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ പിടിയിലായത് എറണാകുളം ആസ്ഥാനമായുള്ള മധ്യമേഖലയിലാണ്. 2025ൽ 28 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. കോഴിക്കോട് ആസ്ഥാനമായി വടക്കൻ മേഖലയിൽ 15 കേസുകൾ എടുത്തപ്പോൾ കോട്ടയം ആസ്ഥാനമായുള്ള കിഴക്കൻ മേഖലയിൽ ഒൻപത് കേസുകളും രജിസ്റ്റർ ചെയ്തു.
ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം ആസ്ഥാനമായ തെക്കൻ മേഖലയിൽ അഞ്ച് കേസുകൾ മാത്രമാണ് വിജിലൻസിന് എടുക്കാനായത്. സംസ്ഥാനത്ത് ഏറ്റവും കുറവ് ട്രാപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ് എന്നത് ശ്രദ്ധേയമാണ്. ട്രാപ്പ് കേസുകൾക്ക് പുറമെ അഴിമതി തടയാൻ വിപുലമായ അന്വേഷണങ്ങളാണ് വിജിലൻസ് നടത്തിവരുന്നത്. 2026-ൽ മാത്രം 201 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 300 പ്രാഥമിക അന്വേഷണങ്ങളും 136 രഹസ്യാന്വേഷണങ്ങളും 57 വിജിലൻസ് അന്വേഷണങ്ങളും നിലവിൽ നടക്കുന്നുണ്ട്.
അതേസമയം, ലഹരിക്കെതിരായ ഓപറേഷൻ തൂഫാൻ വലിയ വിജയമായിട്ടാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത്. ലഹരിയുടെ പ്രഭവ കേന്ദ്രം തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തിൽ അസംഖ്യം ആളുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഓരോ ദിവസവും സംസ്ഥാനത്ത് പിടിയിലാകുന്നത്. ലഹരിവിരുദ്ധ ക്യാമ്പയിനുകൾ നയിച്ച അധ്യാപികമാർ വരെ ‘തൂഫാനിൽ’ കുടുങ്ങിയത് കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. ലഹരി മാഫിയക്കെതിരെ കൈവരിച്ച സമാനതകളില്ലാത്ത വിജയം പ്രൊജക്റ്റ് സീറോയിലൂടെ അഴിമതിക്കാർക്കെതിരെയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഉന്നതൻ ഏതായാലും അഴിമതി നടത്തിയാൽ പിടിവീഴും എന്ന സന്ദേശമാണ് ആഭ്യന്തര വകുപ്പ് നൽകുന്നത്. നാളെയുടെ സുതാര്യമായ കേരളത്തിനായി കൈകോർക്കാം; ഉത്തരവാദിത്വമുള്ള ഓരോ പൗരനും ഇനി അഴിമതിക്കെതിരെയുള്ള വിജിലൻസ് കമാൻഡോയാണ്!




