കൊച്ചി: ഫോർട്ടുകൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 66-കാരനായ മത്സ്യവ്യാപാരിക്ക് ക്രൂരമർദനം. തുരുത്തി സ്വദേശി ഹനീഫിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ തീക്കട്ട സ്വദേശി ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സൗജന്യമായി മത്സ്യം ആവശ്യപ്പെട്ട ബൈജുവിനോട് അത് നൽകാനാകില്ലെന്ന് ഹനീഫ് അറിയിച്ചതോടെയാണ് ആക്രമണം നടന്നത്. പ്രകോപിതനായ പ്രതി ഹനീഫിന്റെ മുഖത്തടിക്കുകയും നിലത്തുവീണ അദ്ദേഹത്തിന്റെ തലയ്ക്ക് കരിങ്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഹനീഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഫോർട്ടുകൊച്ചി പോലീസ് ബൈജുവിനെ അറസ്റ്റ് ചെയ്തു. ആക്രമണസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം നടന്നതെന്നും ഹനീഫ് ആരോപിച്ചു.
മത്സ്യബന്ധന ബോട്ടിന്റെ മോട്ടോർ നശിപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബൈജു, മുൻപ് ഗുണ്ടാ ആക്രമണക്കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ‘തീക്കട്ട ബൈജു’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ കുറച്ചുകാലമായി ശാന്തനായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.




