ന്യൂഡൽഹി: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന യുവാക്കളുടെ ശബ്ദത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ പറഞ്ഞു. ബിജെപിയും ഈ പ്രതിഷേധങ്ങളെ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ്. നിയന്ത്രിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. സർവകലാശാലകളിലെ നിയമനങ്ങളിലും പരീക്ഷാ സംവിധാനങ്ങളിലും സ്വകാര്യവൽക്കരണത്തിലും ആർ.എസ്.എസ്. സ്വാധീനം വർധിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ രാഹുൽ പ്രശംസിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത ചില വിദ്യാർത്ഥികളുമായി സംസാരിച്ച അനുഭവവും അദ്ദേഹം സഭയിൽ പങ്കുവച്ചു. ഈ സാഹചര്യത്തിൽ ഒരു വിദ്യാർത്ഥിനിയുടെ മറുപടി ഉദാഹരിച്ച് നടത്തിയ പരാമർശമാണ് പിന്നീട് സഭയിൽ വിവാദമായത്.
‘ഇഡിയറ്റ്’ എന്ന വാക്ക് ഉപയോഗിച്ചതിനെ തുടർന്ന് ഭരണപക്ഷ അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചു. എന്നാൽ താൻ ഒരു അംഗത്തെയും അങ്ങനെ വിളിച്ചിട്ടില്ലെന്നും ഒരു വിദ്യാർത്ഥിനിയുടെ വാക്കുകൾ മാത്രമാണ് സഭയിൽ പങ്കുവെച്ചതെന്നും രാഹുൽ വ്യക്തമാക്കി.
തുടർന്ന് സ്പീക്കർ പാർലമെന്റിലെ ഭാഷയുടെ മാന്യത പാലിക്കണമെന്ന് രാഹുലിനെ ഓർമിപ്പിച്ചു. അതേസമയം, രാഹുലിന്റെ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ പിന്നീട് അറിയിച്ചു.
സംഭവത്തെ തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സഭയിൽ വാക്കേറ്റവും ബഹളവും അരങ്ങേറി.




