ന്യൂഡല്‍ഹി: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസം. ഐഷിക്കെതിരെ ഡല്‍ഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് റദ്ദാക്കി. അഞ്ച് വര്‍ഷം മുൻപേയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
ഐഷി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്ത കോടതി, തുടര്‍നടപടിയായി അത് റദ്ദാക്കുകയായിരുന്നു. നേരത്തെ അയച്ച സമന്‍സില്‍ ഹാജരാകാത്തതിന് പിഴ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2021ല്‍ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഏപ്രില്‍ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ വാറണ്ട് പുറപ്പെടുവിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് സംബന്ധിച്ച സമന്‍സോ അറിയിപ്പോ ലഭിച്ചിരുന്നില്ലെന്നാണ് ഐഷിയുടെ വാദം.
ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് കേസില്‍ വീണ്ടും നടപടികള്‍ സജീവമായത്. ഐഷിയെ അറസ്റ്റ് ചെയ്യുന്നതിനായി ഡല്‍ഹി പൊലീസ് എകെജി ഭവനിലെത്തിയതും വിവാദമായിരുന്നു. യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാത്ത സ്വകാര്യ വാഹനത്തിലായിരുന്നു പൊലീസ് സംഘം എത്തിയത്. സംഭവസ്ഥലത്തെത്തിയ ജോണ്‍ ബ്രിട്ടാസ് എംപി ഇതിനെ ചോദ്യം ചെയ്തതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു.
അഞ്ച് വര്‍ഷം പഴക്കമുള്ള കേസ് വീണ്ടും സജീവമാക്കി നീറ്റ് ചോദ്യചോര്ച്ചയ്ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്കിയ ഐഷി ഘോഷിനെ ലക്ഷ്യമിടുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഐഷി കോടതിയെ സമീപിച്ചത്.




