ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) ഒഴികെയുള്ള സംസ്ഥാനത്തെ ഏഴ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ബസുകളിലാണ് പുതിയ കാർഗോ സൗകര്യം ആരംഭിക്കുക. ഇതിനായി ബസുകളിൽ പ്രത്യേകമായി തയ്യാറാക്കിയ കാർഗോ കമ്പാർട്ട്മെന്റുകൾ ഗതാഗത വകുപ്പ് മന്ത്രി എ. വിജയ് തമിഴൻ പാർത്ഥിപൻ പരിശോധിച്ചു.
മുഖ്യമന്ത്രി വിജയ് നിർദേശിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ നടപടികൾ ആരംഭിച്ചത്. സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ 26 മേഖലകളിലായി 21,515 ബസുകളാണ് സർവീസ് നടത്തുന്നത്. പ്രതിദിനം ഏകദേശം 2.02 കോടി യാത്രക്കാരാണ് ഈ ബസുകളെ ആശ്രയിക്കുന്നത്. ബസുകളിൽ പാഴ്സൽ സർവീസ് ആരംഭിക്കുന്നതിലൂടെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും പ്രയോജനം ലഭിക്കുമെന്നും കോർപറേഷനുകൾക്ക് പുതിയ വരുമാന മാർഗം ലഭിക്കുമെന്നും സർക്കാർ വിലയിരുത്തുന്നു.
ചെന്നൈയിലെ സെൻട്രൽ ഇലക്ട്രിക് ബസ് ഡിപ്പോ-1 സന്ദർശിച്ച മന്ത്രി കാർഗോ കമ്പാർട്ട്മെന്റുകൾ പരിശോധിക്കുകയും രൂപകൽപനയിൽ ചില മാറ്റങ്ങൾ വരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. പുതിയതായി നിർമിക്കുന്ന സെൻട്രൽ ഇലക്ട്രിക് ബസ് ഡിപ്പോ-2ന്റെ നിർമാണ പുരോഗതിയും മന്ത്രി വിലയിരുത്തി.
കഴിഞ്ഞ ജൂണിൽ തമിഴ്നാട്ടിലെ ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് 300 പുതിയ ബസുകൾ ലഭിച്ചിരുന്നു. ഇതിൽ 163 എണ്ണം ഡീസൽ ബസുകളും 136 എണ്ണം സിഎൻജി ബസുകളുമാണ്. ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷനാണ് ഏറ്റവും കൂടുതൽ പുതിയ ബസുകൾ ലഭിച്ചത്.




