തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും പി.എസ്.സി നിയമനങ്ങൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ പി.എസ്.സി റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ‘ജെൻസി സമരം’ എന്ന പേരിലാണ് പ്രതിഷേധം. വിവിധ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർഥികളുടെ കൂട്ടായ്മയും ഓൾ കേരള പി.എസ്.സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയും ചേർന്നാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരം അനിശ്ചിതകാലത്തേക്ക് നീട്ടാനാണ് തീരുമാനം.
പി.എസ്.സി നിയമനങ്ങളിലെ കാലതാമസം, പിൻവാതിൽ നിയമനങ്ങൾ, റാങ്ക് ലിസ്റ്റുകൾ നിലനിൽക്കുമ്പോഴും ഒഴിവുകൾ നികത്താത്തത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. അടുത്തിടെ നടന്ന ‘ജെൻസി’ സമരത്തിന് ലഭിച്ച പിന്തുണയെ തുടർന്ന് കൂടുതൽ പി.എസ്.സി ഉദ്യോഗാർഥികൾ സമരരംഗത്തേക്ക് എത്തുകയാണ്.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ അധ്യാപക റാങ്ക് ഹോൾഡർമാരുടെ സമരവും ശക്തമാകുകയാണ്. 25 ദിവസമായി തുടരുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരുടെ അനിശ്ചിതകാല സമരത്തിന് പിന്നാലെ യു.പി.എസ്.ടി റാങ്ക് ഹോൾഡർമാരും സമരവുമായി രംഗത്തെത്തി. അധ്യാപക ഒഴിവുകൾ നിലവിലുണ്ടായിട്ടും നിയമന നടപടികൾ വൈകിപ്പിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങളിൽ സർക്കാർ അനാസ്ഥ തുടരുകയാണെന്ന് സമരക്കാർ ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർഥി പ്രതിഷേധങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാർ സ്വന്തം സംസ്ഥാനത്തെ പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും അവർ വിമർശിച്ചു.
2025 ഒക്ടോബറിലാണ് യു.പി.എസ്.ടി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് നിലവിൽ വന്നതിന് ശേഷം ഒരു അധ്യയന വർഷം പിന്നിട്ടിട്ടും രണ്ട് പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
സമരത്തിന് മുമ്പ് രണ്ട് തവണ സൂചനാ പ്രതിഷേധം നടത്തിയിരുന്നെങ്കിലും നിയമന നടപടികളിൽ പുരോഗതിയുണ്ടായില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. നിയമനം ഉറപ്പാക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് എൽ.പി.എസ്.ടി, യു.പി.എസ്.ടി റാങ്ക് ഹോൾഡർമാർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ.




