മലപ്പുറം: ഒരുകാലത്ത് ഗ്രാമീണ കാർഷിക ജീവിതത്തിന്റെ ഭാഗമായിരുന്ന ‘പൗണ്ട് കീപ്പർ’ എന്ന തസ്തികയുടെ അവസാന അധ്യായത്തിനും തിരശീല വീഴുന്നു. സംസ്ഥാനത്തെ അവസാന പൗണ്ട് കീപ്പറായ തൃശൂർ കുട്ടനല്ലൂർ അഞ്ചേരി ശോശാമ്മ (ലിസി) 30 വർഷത്തെ സേവനത്തിന് ശേഷം വെള്ളിയാഴ്ച വിരമിക്കും.
1996-ലാണ് ശോശാമ്മ വട്ടംകുളം പഞ്ചായത്തിൽ ആല (പൗണ്ട്) സൂക്ഷിപ്പുകാരിയായി ജോലിയിൽ പ്രവേശിച്ചത്. കൃഷിയിടങ്ങളിൽ കയറി വിളകൾ നശിപ്പിച്ച പശു, പോത്ത്, ആട് തുടങ്ങിയ കന്നുകാലികളെ പിടിച്ചുകെട്ടുന്ന ആലയുടെ മേൽനോട്ടമായിരുന്നു ഇവരുടെ ചുമതല. പഞ്ചായത്ത് നിശ്ചയിച്ച പിഴയടച്ച ശേഷമാണ് ഉടമകൾക്ക് കന്നുകാലികളെ തിരിച്ചുകിട്ടിയിരുന്നത്. പിഴയടച്ചില്ലെങ്കിൽ കന്നുകാലികളെ ലേലം ചെയ്യുന്നതും നടപടിക്രമത്തിന്റെ ഭാഗമായിരുന്നു.
കാലക്രമേണ കാർഷിക സംസ്കാരവും കന്നുകാലി വളർത്തലും കുറഞ്ഞതോടെ സംസ്ഥാനത്തെ ആലകൾ ഒന്നൊന്നായി പ്രവർത്തനം അവസാനിപ്പിക്കുകയും പൗണ്ട് കീപ്പർ തസ്തിക ഇല്ലാതാകുകയും ചെയ്തു. മറ്റ് പഞ്ചായത്തുകളിലെ ജീവനക്കാർ വിരമിച്ചതോടെ സംസ്ഥാനത്ത് ഈ തസ്തികയിൽ തുടർന്ന ഏക ജീവനക്കാരിയായി ശോശാമ്മ മാറി. ആലയുടെ പ്രവർത്തനം അവസാനിച്ച ശേഷവും പഞ്ചായത്തിലെ മറ്റ് ചുമതലകൾ നിർവഹിച്ചാണ് അവർ സേവനം തുടർന്നത്.
മൂന്ന് പതിറ്റാണ്ടോളം ആത്മാർഥമായി സേവനം അനുഷ്ഠിച്ച ശോശാമ്മയ്ക്ക് സഹപ്രവർത്തകരും നാട്ടുകാരും ഹൃദ്യമായ യാത്രയയപ്പ് ഒരുക്കുകയാണ്. ഒരു കാലഘട്ടത്തിന്റെ ഓർമകളുമായി സംസ്ഥാനത്തെ അവസാന പൗണ്ട് കീപ്പറും ഔദ്യോഗിക ജീവിതത്തോട് വിടപറയുകയാണ്.




