കോഴിക്കോട്: വടകരയിൽ അധ്യാപകർ പ്രതികളായ എംഡിഎംഎ കേസിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എസ്എസ്കെ അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എം. കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് എസ്എസ്കെ പ്രോജക്ട് ഡയറക്ടർ പുറത്തിറക്കി.
കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അന്വേഷണത്തിന് തുടക്കമായത്.
അതേസമയം, കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികളും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കീർത്തനയുടെ അക്കൗണ്ടിൽ ഏകദേശം 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 9 ലക്ഷം രൂപയും എത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അധ്യാപകരുടെ ശമ്പളവരുമാനവുമായി പൊരുത്തപ്പെടാത്ത ഈ ഇടപാടുകൾ ലഹരി വ്യാപാരവുമായി ബന്ധപ്പെട്ടതാകാമെന്ന സംശയത്തിലാണ് പൊലീസ്.
പ്രതികൾ ഉപയോഗിച്ചിരുന്ന വിദേശ ഫോൺ നമ്പറുകളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ലഹരി വിൽപ്പനയ്ക്കായി ഈ നമ്പറുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. വിദേശ ബന്ധങ്ങളിലൂടെയോ സാമ്പത്തിക സഹായത്തിലൂടെയോ ലഹരി ശൃംഖലയുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം നീക്കം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയെ നടുക്കിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


