ബെംഗളൂരു: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത 19-കാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെൽ സർക്കിളിന് സമീപം ബൈക്കിലെത്തിയ നാലംഗ സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാർത്ഥിയുടെ വഴി തടഞ്ഞുനിർത്തിയ സംഘം, “മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?” എന്ന് ചോദിച്ച ശേഷമാണ് മർദനം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. മരത്തടികൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.
ആക്രമികൾ എല്ലാവരും മുഖം മറച്ചിരുന്നുവെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമായാണ് ആക്രമണമെന്നാണ് സംശയിക്കുന്നതെന്നും വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമായി ജാലഹള്ളി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




