തിരുവനന്തപുരം: വി.ഡി. സതീശനെതിരായ ‘പുനർജനി’ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ പരാതിക്കാരിൽ ഒരാളും മുൻ കോൺഗ്രസ് നേതാവുമായ രാജേന്ദ്രപ്രസാദ് രംഗത്ത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നും, ക്ലീൻ ചിറ്റ് നൽകിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിദേശത്ത് നിന്ന് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പണം സമാഹരിച്ചതിന് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകളുണ്ടെന്നും വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടെന്നും രാജേന്ദ്രപ്രസാദ് ആരോപിച്ചു. 2018-ലെ പ്രളയത്തിന് ശേഷം വെറും എം.എൽ.എ ആയിരുന്ന വി.ഡി. സതീശൻ വിദേശത്ത് പോയി കോടിക്കണക്കിന് രൂപ സമാഹരിച്ചുവെന്നും അത് ഗുരുതരമായ നിയമലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിഷയം രാഷ്ട്രീയ ആയുധമാക്കി സി.പി.ഐ.എം പ്രതിഷേധം ശക്തമാക്കുകയാണ്. കൊച്ചി പറവൂരിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. “പിരിച്ച പണവും വീടുമെവിടെ?” എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം.
വിജിലൻസ് അന്വേഷണത്തിൽ വി.ഡി. സതീശനെതിരെ കുറ്റം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. കേസിൽ നിന്ന് വി.ഡി. സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2018-ലെ മഹാപ്രളയത്തിന് പിന്നാലെ പറവൂരിൽ നടപ്പിലാക്കിയ ‘പുനർജനി – പറവൂരിന് പുതുജീവൻ’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. പ്രളയബാധിതർക്കായി വീടുകൾ നിർമിക്കുക, സ്കൂളുകൾ നവീകരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. മണപ്പാട്ട് ഫൗണ്ടേഷനും ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയും പദ്ധതിയുടെ പ്രധാന പങ്കാളികളായിരുന്നു.
വിദേശത്തുനിന്ന് നിയമവിരുദ്ധമായി പണം സമാഹരിച്ചെന്നും സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജയ്സൺ പാനിക്കുളങ്ങര നൽകിയ പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. വി.ഡി. സതീശൻ വിദേശത്ത് നിന്ന് ധനസഹായം അഭ്യർത്ഥിക്കുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോയും പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു.




