റോം: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളും ഇറ്റാലിയൻ ഇതിഹാസ താരവുമായ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. മിലാനിൽ രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കരിയറിലുടനീളം ഒരൊറ്റ ക്ലബ്ബിന് വേണ്ടി മാത്രം കളിച്ച അപൂർവ താരമായിരുന്നു ബറേസി. 1977 മുതൽ 1997 വരെ 20 വർഷക്കാലം എ സി മിലാന്റെ ജേഴ്സിയിൽ മാത്രമാണ് അദ്ദേഹം കളത്തിലിറങ്ങിയത്. ഇതോടെ ‘വൺ ക്ലബ്ബ് മാൻ’ എന്ന വിശേഷണത്തിനും അദ്ദേഹം അർഹനായി.
കളിക്കളത്തിലെ അസാധാരണമായ ശാന്തത, കൃത്യതയാർന്ന ടാക്കിളുകൾ, ലിബറോ പൊസിഷനിലെ മികവ് എന്നിവയിലൂടെ പ്രതിരോധ ഫുട്ബോളിന് പുതിയൊരു മാതൃക സൃഷ്ടിച്ച താരമായിരുന്നു ബറേസി. അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ നേരിട്ടതിൽ വച്ച് ഏറ്റവും മികച്ചതും പ്രയാസമേറിയതുമായ ഡിഫൻഡർ ബറേസിയാണെന്ന് വിശേഷിപ്പിച്ചിരുന്നു.
1982-ൽ സ്പെയിനിൽ നടന്ന ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിന്റെ ഭാഗമായിരുന്ന ബറേസി, 1994-ലെ അമേരിക്ക ലോകകപ്പിൽ ഇറ്റലിയെ ഫൈനലിലെത്തിച്ച ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇറ്റാലിയൻ ദേശീയ ടീമിനായി 81 മത്സരങ്ങളിൽ അദ്ദേഹം പ്രതിരോധനിര കാത്തു.
1999-ൽ എ സി മിലാന്റെ ‘നൂറ്റാണ്ടിലെ താരം’ ആയി തിരഞ്ഞെടുക്കപ്പെട്ട ബറേസിയോടുള്ള ആദരസൂചകമായി ക്ലബ് അദ്ദേഹത്തിന്റെ ആറാം നമ്പർ ജേഴ്സി എന്നെന്നേക്കുമായി വിരമിപ്പിച്ചു. എ സി മിലാനൊപ്പം ആറ് സീരി എ കിരീടങ്ങളും മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ബറേസിയുടെ വിയോഗത്തിൽ ലോക ഫുട്ബോൾ രംഗവും എ സി മിലാൻ ആരാധകരും അനുശോചനം രേഖപ്പെടുത്തി.



