കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് വിവാദം. യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗാർഥിയാണ് പരാതി നൽകിയത്. നിശ്ചിത യോഗ്യത ഇല്ലാത്ത ഒരാളെ അഭിമുഖത്തിൽ പങ്കെടുപ്പിച്ചതിനെതിരെയാണ് പരാതി.
അപേക്ഷകരിൽ നിന്ന് സ്‌ക്രീനിങ് കമ്മിറ്റി മൂന്ന് പേരെ തെരഞ്ഞെടുത്തിരുന്നു. ഇതിൽ രണ്ട് പേരാണ് ജൂൺ 20ന് നടന്ന അഭിമുഖത്തിൽ പങ്കെടുത്തത്. തുടർന്ന് റാങ്ക് പട്ടികയും തയ്യാറാക്കി. അഭിമുഖത്തിൽ പങ്കെടുത്ത ഒരാൾ ഫിഷറീസ് സർവകലാശാലയിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. മറ്റൊരാൾ കണ്ണൂർ സർവകലാശാലയിലെ അധ്യാപകേതര ജീവനക്കാരനാണ്.
അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് അസിസ്റ്റന്റ് പ്രൊഫസറായി എട്ട് വർഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാൽ കണ്ണൂർ സർവകലാശാലയിലെ ഉദ്യോഗാർഥിയുടെ യോഗ്യതയിൽ ഉൾപ്പെടുത്തിയ ഗസ്റ്റ് ലക്ചറർ കാലയളവ് പരിഗണിക്കാനാകില്ലെന്നാണ് പരാതിയിലെ ആരോപണം.
യുജിസി ചട്ടപ്രകാരം ഗസ്റ്റ് ലക്ചറർ പരിചയം യോഗ്യതയായി കണക്കാക്കാൻ കഴിയില്ലെന്നും അതിനാൽ നിയമന നടപടികൾ പുനഃപരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ റാങ്ക് പട്ടിക അവതരിപ്പിക്കുന്ന നടപടികൾ തുടരുകയാണ്. ശനിയാഴ്ച നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ റാങ്ക് പട്ടിക വീണ്ടും പരിഗണിക്കാനാണ് സാധ്യത.




