തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി അപകടത്തെ തുടർന്ന് കാണാതായത്.
അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വള്ളത്തിൽ നാല് പേരുണ്ടായിരുന്നു. മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ശ്രീജിത്തിനെയും ശ്രീമോനെയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അതേസമയം, രക്ഷാപ്രവർത്തനം സമയബന്ധിതമായും കാര്യക്ഷമമായും നടത്തിയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഇതിൽ പ്രതിഷേധിച്ച് കാണാതായവരുടെ ബന്ധുക്കൾ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി.
ഇതിനിടെ, ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വിഴിഞ്ഞത്തും ശംഖുമുഖത്തും ബോട്ട് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. സംഭവങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിവരികയാണ്.




