ആലപ്പുഴ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ആലപ്പുഴ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഓഗസ്റ്റ് 5, ബുധനാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഷാജി വി നായർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ മുന്നറിയിപ്പും നിലനിൽക്കുന്നതിനാൽ പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
അതേസമയം, നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പുകൾ അവസാനിക്കുന്നതുവരെ അവധി തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.




