കൊച്ചി: കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് പ്രതി അർജുൻ ആയങ്കി. “പറ്റുമെങ്കിൽ കണ്ടുപിടിക്കൂ” എന്ന വെല്ലുവിളിയുമായി പൊലീസിനെ ലക്ഷ്യമിട്ട് അർജുൻ സമൂഹമാധ്യമത്തിലൂടെ പുതിയ ഭീഷണി സന്ദേശം പുറത്തുവിട്ടു.
ആദ്യം കീഴടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും, എന്നാൽ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും അർജുൻ ആരോപിച്ചു. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ഉദ്ദേശമെങ്കിലും ഇനി മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷമേ പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു. “കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും. ഒരുപാട് പൊലീസുകാരെ കണ്ടിട്ടുള്ള ആളാണ് ഞാൻ” എന്ന പരാമർശവും സന്ദേശത്തിലുണ്ട്.
ഊന്നുകൽ സ്റ്റേഷനിലെ എസ്.എച്ച്.ഒയ്ക്കാണ് പുതിയ ഭീഷണി സന്ദേശം ലഭിച്ചത്. കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ കഴിഞ്ഞ മേയിൽ സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെ അർജുൻ ആയങ്കിയെയും മറ്റ് ആറുപേരെയും കോതമംഗലം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അർജുൻ, കോതമംഗലം എസ്.എച്ച്.ഒയെ ലക്ഷ്യമിട്ട് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം പങ്കുവെച്ചിരുന്നു. “പെൻഷൻ വാങ്ങി ശിഷ്ടകാലം ജീവിക്കാൻ അനുവദിക്കില്ല” എന്നായിരുന്നു കുറിപ്പിലെ പരാമർശം. ഇതിനെ തുടർന്നാണ് ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് ഗൗരവമുള്ളതാണെന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അർജുൻ പുറത്തുണ്ടെങ്കിൽ കേസിന്റെ അന്വേഷണത്തെ ബാധിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഇതോടെ അർജുനെ അറസ്റ്റ് ചെയ്യാൻ ഊന്നുകൽ സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടപടികൾ ശക്തമാക്കി. ഇതിനിടെ കീഴടങ്ങാമെന്ന് അറിയിച്ച് സി.ഐയ്ക്ക് സന്ദേശം അയച്ചിരുന്ന അർജുൻ, പിന്നീട് സുഹൃത്തുക്കളെ വേട്ടയാടുകയാണെന്ന് ആരോപിച്ച് വീണ്ടും ഭീഷണി മുഴക്കുകയായിരുന്നു. അർജുനെ ഉടൻ പിടികൂടുമെന്ന് ഊന്നുകൽ പൊലീസ് അറിയിച്ചു.




