ന്യൂഡൽഹി: ഓൺലൈൻ ഫോം 6ൽ നിയമവിരുദ്ധമായി മാറ്റം വരുത്താൻ ടാറ്റാ കൺസൾട്ടൻസി സർവീസസിന് നിർദേശം നൽകിയത് ആരാണെന്ന് ചോദിച്ച് രാഹുൽ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം.
ഫോം 6ൽ വരുത്തിയ കൂട്ടിച്ചേർക്കലുകൾ വിവാദമായതും പിന്നീട് എസ്‌ഐആറിന് ശേഷം പിൻവലിച്ചതുമാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നത്. നിയമ മന്ത്രാലയത്തിന്റെ അറിവില്ലാതെ നടത്തിയ പരിഷ്കാരം തെറ്റാണെന്ന് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാറ്റത്തിന് അംഗീകാരം നൽകിയത് ആരാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടലായ ഇസിഐ നെറ്റിന്റെ മേൽനോട്ടം ടാറ്റാ കൺസൾട്ടൻസി സർവീസസിനാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഐടി വിഭാഗം മേധാവിയുടെ ഇടപെടലുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലും വ്യക്തത വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഫോം 6ലെ മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യ സഖ്യം ഉടൻ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ലഭിക്കുന്ന നിയമപരിരക്ഷ തുടങ്ങിയ വിഷയങ്ങളും ഹർജിയിൽ ഉന്നയിക്കുമെന്നാണ് പ്രതിപക്ഷ വൃത്തങ്ങൾ പറയുന്നത്.
അതേസമയം, ഗ്യാനേഷ് കുമാറിനെ പ്രതിരോധിച്ച് രാജ്യവ്യാപക പ്രചാരണ പരിപാടികൾ ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. പാർട്ടി മുഖ്യമന്ത്രിമാരും നേതാക്കളും നടത്തുന്ന വാർത്താസമ്മേളനങ്ങൾ വിപുലീകരിക്കാനും ദേശീയ നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലെത്തിച്ച് പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകാനും ബിജെപി നീക്കം നടത്തുന്നു.
കേരളത്തിലെ കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും പ്രത്യേകിച്ച് വയനാട്ടിലെ ഫലവും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെ ചോദ്യം ചെയ്യാനാണ് ബിജെപി തീരുമാനം.



