സുൽത്താൻ ബത്തേരി: കർണാടക– കേരള അതിർത്തിയായ മുത്തങ്ങയിൽ എംഡിഎംഎയുമായി എത്തിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സിരേഷ് (23), എം. ജിതേന്ദ്രദാസ് (25), പി. അജുൽ (22) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് പേരും ഒരേ സ്കൂട്ടറിൽ യാത്ര ചെയ്യുന്നത് കണ്ട പൊലീസ് വാഹനം തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്കിടെ സ്കൂട്ടറിലെ മൊബൈൽ ഹോൾഡറിൽ ഒസിബി പേപ്പർ കണ്ടെത്തിയതോടെ കൂടുതൽ പരിശോധന നടത്തി. തുടർന്ന് യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന 3.67 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
ഗുണ്ടൽപേട്ട ഭാഗത്ത് നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച കെഎൽ 57 എ.ഡി. 9903 നമ്പർ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




