കാസർകോട്: ശബരിമല ക്ഷേത്രത്തിലെ ദോഷങ്ങൾ മാറുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക പരിഹാര പൂജകൾ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലുമാണ് പൂജകൾ നടത്തുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ച് പ്രത്യേക പൂജ നടത്തി. നവരാത്രിക്ക് ശേഷം മഹാപൂജയും നടക്കും.
2018ൽ നടന്ന ദേവപ്രശ്നത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ദോഷങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. ശബരിമലയിൽ എത്തിയ ഭക്തരോട് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും മോശമായി പെരുമാറിയതിനെ തുടർന്ന് വാക്‌ദോഷം ഉണ്ടായെന്നാണ് വിലയിരുത്തൽ. ഇതിന്റെ പരിഹാരമായാണ് ദേവസ്വം ബോർഡ് പൂജകൾ നടത്തുന്നത്.
കാസർകോട് ബേള കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രംഗപൂജയും തുടർന്ന് കണ്ണൂർ എടക്കാട് വിഷ്ണു ക്ഷേത്രത്തിൽ മഹാകാണി പൂജയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രത്യേക പൂജയും നടത്തും. കൂടൽമാണിക്യം ഉൾപ്പെടെ ഇരുപതോളം ക്ഷേത്രങ്ങളിലും പൂജകൾ നടക്കും.
മണ്ഡലകാലത്തിന് മുമ്പ് നിർദേശിച്ചിട്ടുള്ള എല്ലാ പരിഹാര പൂജകളും പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ശാന്തകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ് തുടങ്ങിയവർ പൂജകൾക്കായി ക്ഷേത്രങ്ങളിൽ എത്തി.




