തിരുവനന്തപുരം: ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ വിപ്ലവവുമായി കെഎസ്ആർടിസി. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഇന്ന് നിലവിൽ വരും. വാട്സാപ്പിലൂടെ ടിക്കറ്റ് ലഭിക്കുന്ന സേവനമാണിത്. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഗതാഗതമന്ത്രി സി പി ജോൺ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കുള്ള അവാർഡ് ദാനവും നടന്നു.
സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി യൂണിറ്റിനുള്ള അവാർഡ് ദാനം, കെഎസ്ആർടിസിയുടെ 24×7 കസ്റ്റമർ കെയർ ടോൾ ഫ്രീ (149) സേവനത്തിന്റെ ഉദ്ഘാടനം, നവീകരിച്ച കെഎസ്ആർടിസി കൊറിയർ സംവിധാനത്തിൻ്റെ ഉദ്ഘാടനം എന്നിവയും ഗതാഗത മന്ത്രി നിർവ്വഹിച്ചു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറിയർ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. സ്വകാര്യ ഏജൻസിയെ ഒഴിവാക്കി കെഎസ്ആർടിസി ഇന്നു മുതൽ സ്വന്തമായി കൊറിയർ സർവീസ് നടത്തും. കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു.




