ബെംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിലായിരുന്ന ഉമ്മർ ഫറൂഖിനെ കൊച്ചിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് മുൻപ് നടന്ന ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്ത പ്രതിയാണ് പിടിയിലായതെന്ന് എൻഐഎ അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.
2022 ജൂലൈയിൽ ദക്ഷിണ കന്നഡ ജില്ലയിലെ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ 2022 ഓഗസ്റ്റിൽ കേസ് എൻഐഎ ഏറ്റെടുക്കുകയും വ്യാപക അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കേസിൽ ഇതുവരെ 21 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഗൂഢാലോചന നടന്നതെന്ന ആരോപണവും കുറ്റപത്രത്തിലുണ്ടെന്ന് എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.


