തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
പത്തനംതിട്ട ജില്ലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ കുറഞ്ഞെങ്കിലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. വീണ്ടും മഴ ശക്തമാകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
ശാന്തസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ വിദൂര സ്വാധീനവും കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണമാകുന്നതായാണ് വിലയിരുത്തൽ. ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്ക് ശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ദുർബലമാകുന്നതോടെ കേരളത്തിലെ മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ട്. അതേസമയം, ഫിലിപ്പീൻസ് തീരത്തിന് സമീപം ‘കുജിര’ ചുഴലിക്കാറ്റും രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.




