മലപ്പുറം: പൊന്നാനി പുറത്തൂർ സ്വദേശിയായ 19കാരൻ സ്കൂട്ടർ അപകടത്തിൽ മരിച്ചു. തൃത്തല്ലൂർ കുന്നുങ്ങൽ സ്വദേശി കുളത്ത് അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് റിഷാൽ (19) ആണ് മരിച്ചത്. കുറ്റിപ്പുറം കൊളക്കാട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.
വിവാഹസൽക്കാരത്തിൽ പങ്കെടുക്കുന്നതിനായി സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു റിഷാൽ. വഴി പരിചയമില്ലാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര. കൊളക്കാട് ഇറക്കത്തിൽ എത്തിയപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ റിഷാലിനെ ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപകടം നടന്ന കൃത്യമായ സ്ഥലം കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സ്ഥലം കൃത്യമായി അറിയാത്തതിനാൽ ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് രാത്രി വൈകി പൊലീസ് അപകടസ്ഥലം കണ്ടെത്തിയത്.
മാതാവ്: സക്കീന. സഹോദരങ്ങൾ: റിഫാനിയ, റസൽ.




