മലപ്പുറം: വാർധക്യ പെൻഷൻ തടഞ്ഞുവെച്ചെന്ന പരാതിയെ തുടർന്ന് മുസ്ലിം ലീഗ് നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കുഴിമണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് സീനിയർ സെക്രട്ടറി റസാഖ് എക്കാപറമ്പിനെയാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
കുഴിമണ്ണ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ റസാഖായിരുന്നു പ്രദേശത്തെ പലരുടെയും വീടുകളിൽ പെൻഷൻ എത്തിച്ചുനൽകിയിരുന്നത്. അഞ്ച് മാസത്തോളം പെൻഷൻ ലഭിക്കാതെ വന്നതിനെ തുടർന്ന് കുഴിമണ്ണ ആലിഞ്ചുവട് സ്വദേശിയായ ഇത്തിമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
പരാതിക്ക് പിന്നാലെ റസാഖ് ഇത്തിമയുടെ വീട്ടിലെത്തി അഞ്ച് മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകിയതായി റിപ്പോർട്ടുണ്ട്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഏറനാട് മണ്ഡലം കമ്മിറ്റിക്ക് കുഴിമണ്ണ പഞ്ചായത്ത് കമ്മിറ്റി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം റസാഖിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
പെൻഷൻ വിതരണം വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നാണ് വിവരം.




