ഇടുക്കി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് കേന്ദ്ര അംഗീകാരം ലഭിക്കാത്തത് മുൻ സർക്കാർ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ നടപടികളാണെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. രാജ്യത്തെ നിയമവ്യവസ്ഥകൾ കൃത്യമായി മനസ്സിലാക്കാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്നും മന്ത്രി ആരോപിച്ചു.
വിഷയത്തിൽ കേന്ദ്ര വനം മന്ത്രിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും നിയമ വകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
ഇഎസ്എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിനുള്ള പരിശോധനകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി-വനം സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.
മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിനായി 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ വ്യവസ്ഥകൾ നിലവിലുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള ആവശ്യമായ നടപടികളുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര നിലപാടിന്റെ പശ്ചാത്തലത്തിൽ കേരളം സ്വീകരിക്കുന്ന തുടർനടപടികൾ നിർണായകമാകും.




